ml.wikibooks.org

ഉബുണ്ടു ലിനക്സ്/ഇതര പതിപ്പുകൾ - വിക്കിപാഠശാല

വിക്കിപാഠശാല, ഒരു സ്വതന്ത്ര ഉള്ളടക്കത്തോടുകൂടിയ പാഠശാല.

കാനോനിക്കൽ ലിമിറ്റഡ് നൽകുന്ന ഔദ്യോഗിക പിന്തുണയിൽ വികസിപ്പിച്ചെടുക്കുന്ന നിരവധി പതിപ്പുകൾക്കു പുറമെ വളരെയധികം പതിപ്പുകൾ ഉബുണ്ടുവിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. മെച്ചപ്പെട്ട ഉപയോക്തൃസൗഹൃദ സ്വഭാവവും, പൂർണ്ണമായും ക്രമീകരിച്ചെടുക്കാവുന്നതുമായ മെനുവും മറ്റുമുള്ള ലിനക്സ് മിന്റ് ആണവയിൽ പ്രധാനം. ജീനോമിനേക്കാളും ലഘുവായ ഓപ്പൺബോക്സ് വിൻഡോ മാനേജറും ജിറ്റികെ+ ആപ്ലിക്കേഷനുകളുമുപയോഗിക്കുന്ന ക്രഞ്ച്ബാങ് ലിനക്സ് (CrunchBang Linux) ആണ് മറ്റൊരെണ്ണം. ക്രഞ്ച്ബാങ് ലിനക്സ് വേഗതയും ഉപയോഗഗുണവും തമ്മിലുള്ള മെച്ചപ്പെട്ട തുല്യത വാഗ്ദാനം ചെയ്യുന്നു. ഉബുണ്ടുവിന്റെ മറ്റൊരു വ്യുൽപ്പന്നമായ ന്യൂസെൻസ് (gNewSense) ഗ്നു സാർവ്വ ജനിക അനുമതി പ്രകാരം പൂർണ്ണമായും സ്വതന്ത്രങ്ങളായ സോഫ്റ്റ്‌‌വെയറുകൾ മാത്രം ഉപയോഗിക്കുന്ന ഒന്നാണ്. ഗ്നു ആണ് ന്യൂസെൻസിനാവശ്യമുള്ള പിന്തുണ നൽകുന്നത്. 2007-ൽ പുറത്തിറങ്ങിയ ഗോസ് (gOS) അതിൻറെ മെച്ചപ്പെട്ട ദൃശ്യരൂപത്താലും ഉപയോഗ ലാളിത്യത്താലും ഏറെ പ്രകീർത്തിക്കപ്പെട്ട ഒന്നാണ്. ഉബുണ്ടുവിൽ വരുത്തിയ ചില്ലറ മാറ്റങ്ങൾ കൊണ്ട് i386 രൂപകൽപ്പനയുമായി ഏറ്റവുമധികം ഒത്തുപോകുന്ന ഒരു ലിനക്സ് വിതരണമാണ് കിവി ലിനക്സ് (Kiwi Linux). കിവി ഉബുണ്ടുവിനായി ലഭ്യമായ റെപ്പോസിറ്ററികളെല്ലാം ഉപയോഗിക്കുന്നു. അതുകൊണ്ട് സാധാരണ ഉബുണ്ടുവിൽ ലഭ്യമായ യാതൊന്നും കിവിയിൽ നഷ്ടമാകുന്നില്ല. എൻലൈറ്റന്മെൻറ് വിൻഡോ മാനേജർ (E17) ഉപയോഗിക്കുന്ന ലിനക്സ് വിതരണങ്ങളാണ് ഓപ്പൺജിഇ‌‌യു (OpenGEU), ഓസീഓഎസ് (OzOs) തുടങ്ങിയവ. അസൂസിൻറെ 'ഈ' നെറ്റ്ബുക്കുകൾക്കായി പുറത്തിറങ്ങിയിട്ടുള്ള ഉബുണ്ടു പതിപ്പാണ് ഈബുണ്ടു (Eebuntu). ബി.ഇ.ഒ.എസ്സിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ കൂടി പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഉബുണ്ടു വ്യുൽപ്പന്നമാണ് സീബുണ്ടു (Zebuntu). സുരക്ഷാ പരിശോധനകൾക്കുള്ള മണ്ഡലമായി ഉപയോഗിക്കാവുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് നൂബുണ്ടു (nUbuntu). ലൈവ് സി.ഡി. സൗകര്യത്തിലുപയോഗിക്കാവുന്ന ഒരു ഉബുണ്ടു വ്യുൽപ്പന്നമാണ് ഗ്നോപ്പിക്സ് (Gnoppix).സ്മാർട്ട് ഫോണുകൾക്കും ടാബ്ലെറ്റ് ഉപകരണങ്ങൾക്കുമായുള്ള ഒരു ഉബുണ്ടു പതിപ്പാണ് ഉബുണ്ടു ടച്ച് (Ubuntu Touch). സ്മാർട്ട് ടിവികൾക്കായുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉബുണ്ടു ടിവി (Ubuntu TV). ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കുന്ന ഒരു ഉബുണ്ടു ഉൽപ്പന്നമാണ് ഉബുണ്ടു ഫോർ ആൻഡ്രോയ്ഡ് (Ubuntu for Android). ഓരോ പിക്സലിലും വിൻഡോസ് എക്സ്.പി.യ്ക്ക് സമാനമായ വിധത്തിൽ ഉബുണ്ടുവിൻറെ പതിപ്പ് ചൈനീസ് ഹാക്കേഴ്സ് പുറത്തിറക്കിയിട്ടുണ്ട്.