എം. അച്യുതൻ - വിക്കിപീഡിയ
- ️Sun Jun 15 1930
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. അച്യുതൻ | |
---|---|
![]() എം. അച്യുതൻ | |
ജനനം | ജൂൺ 15, 1930 മാള, കൊച്ചി രാജ്യം, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 9 ഏപ്രിൽ 2017 (പ്രായം 86) എറണാകുളം, കേരളം, ഇന്ത്യ |
ദേശീയത | ![]() |
പൗരത്വം | ഇന്ത്യൻ |
ബന്ധുക്കൾ | ജി. ശങ്കരക്കുറുപ്പ് |
പ്രശസ്ത മലയാള സാഹിത്യകാരനായിരുന്നു എം. അച്യുതൻ. ഇദ്ദേഹം (1930 ജൂൺ 15- 2017 ഏപ്രിൽ -09) തൃശൂർ ജില്ലയിലെ വടമയിൽ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ. ബിരുദം ഒന്നാം ക്ളാസിൽ ഒന്നാം റാങ്കോടെ നേടി. ഏറെക്കാലം ഗവൺമെന്റ് കോളജ് അധ്യാപകനായി സേവനമനുഷ്ഠിച്ചു. വിവിധ കോളേജുകളിൽ ലക്‌ചറർ, പ്രൊഫസർ എന്നീ നിലകളിൽ ജോലി ചെയ്തു. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് പ്രൊഫസറായി സർവീസിൽ നിന്നു വിരമിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ളിക് റിലേഷൻസ് ഓഫീസർ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജാമാതാവായിരുന്നു ഇദ്ദേഹം ഓടക്കുഴൽ സമ്മാനം നല്കുന്ന ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. മാതൃഭൂമിയിൽ പബ്ലിക്കേഷൻ മാനേജർ ആയി ജോലി ചെയ്തിട്ടുണ്ട്. 1996 മുതൽ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റായി ജോലി ചെയ്തിട്ടുണ്ട്.
ജനനം 1930 ജൂൺ 15-ന് നാരായണ മേനോൻ- പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി തൃശ്ശൂർ ജില്ലയിലെ വടമയിൽ ജനനം. മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എറണാകുളം സെന്റ് ആൽബർട്ട് കോളേജ്, മഹാരാജാസ് കോളേജ്, കോഴിക്കോട് ഗവ ആർട്‌സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, പട്ടാമ്പി ഗവ കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഇദ്ദേഹം രചിച്ച 12 കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.
- പാശ്ചാത്യസാഹിത്യദർശനം (പാശ്ചാത്യപണ്ഡിതന്മാരുടെ ദർശനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന കൃതി)
- കവിതയും കാലവും
- സമന്വയം
- വിവേചനം
- ചെറുകഥ : ഇന്നലെ ഇന്ന്[1]
- നോവൽ : പ്രശ്നങ്ങളും പഠനങ്ങളും
- വിമർശലോചനം
- നിർദ്ധാരണം
- സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും
- പ്രകരണങ്ങൾ പ്രതികരണങ്ങൾ
- വാങ്മുഖം
- ആയിരത്തൊന്നു രാവുകൾ (അറേബ്യൻ നൈറ്റ്സ് എന്ന കൃതിയുടെ സ്വതന്ത്ര പുനരാഖ്യാനം)
നാലു തലമുറകളിലൂടെ ചെറുകഥയ്ക്കുണ്ടായ വളർച്ചയെ നിരീക്ഷിച്ചറിയുവാനുള്ള ഉദ്യമമായ ചെറുകഥ : ഇന്നലെ ഇന്ന് മലയാള ചെറുകഥാസാഹിത്യത്തിന്റെ വിമർശനാത്മക ചരിത്രമാണ്. ഈ കൃതി കേരള സാഹിത്യ അക്കാദമി അവാർഡും[2] സാഹിത്യപ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡും നേടുകയുണ്ടായി. സാഹിത്യവിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’76), സാഹിത്യപ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡ്, പത്മപ്രഭാപുരസ്‌കാരം (‘96), സമഗ്ര സംഭാവനയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(’02)[3] എന്നിവ ലഭിച്ചു.
കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ,മാതൃഭൂമി പബ്ലിക്കേഷൻസിന്റെ മാനേജർ, സംസ്‌കൃത സർവ്വകലാശാല വിസിറ്റിങ് പ്രൊഫസർ, എസ് പി സി എസ് ഡയറക്ടർ ബോർഡ് അംഗം, സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേരള-കാലിക്കറ്റ് സർവ്വകലാശാല അക്കാദമിക് കൗൺസിലിലും ബോർഡ് ഓഫ് സ്റ്റഡീസിലും അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളായ പി.എസ്. രാധയാണ് ഭാര്യ. ബി. ഭദ്ര, ഡോ. നന്ദിനി നായർ, ഡോ. നിർമ്മല പിള്ള എന്നിവർ മക്കളാണ്[4].
- പുഴ.കോം Archived 2012-10-02 at the Wayback Machine
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-02. Retrieved 2012-08-13.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ
- ↑ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചവർ.
- ↑ http://www.mathrubhumi.com/news/kerala/professor-m-achuthan-passed-away-1.1858948