വി. അരവിന്ദാക്ഷൻ - വിക്കിപീഡിയ
- ️Sun Dec 27 2015
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിരൂപണത്തിനും പഠനത്തിനുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള സാഹിത്യകാരനാണ് വി. അരവിന്ദാക്ഷൻ (ജനനം : 17 ഒക്ടോബർ 1930, മരണം: 26 ഡിസംബർ 2015). മാർക്സിസ്റ്റ് ക്ലാസിക്കുകൾ പലതും ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ഇദ്ദേഹമാണ്.[1]
1930 ഒക്ടോബർ 17-ന് തൃശ്ശൂർ ജില്ലയിലെ ചരിത്രനഗരവും ക്ഷേത്രനഗരവുമായ കൊടുങ്ങല്ലൂരിൽ ജനിച്ചു. എം. നാരായണമേനോനും വെള്ളാപ്പിള്ളിൽ കുഞ്ഞിലക്ഷ്മിഅമ്മയുമാണ് മാതാപിതാക്കൾ. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അനുജന്റെ മകളുടെ മകനാണ്. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. കോളേജിൽ വിദ്യാർഥി ഫെഡറേഷന്റെ പ്രവർത്തകനായി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് ഒളിവിൽ കഴിയുന്ന നേതാക്കന്മാരുടെ സന്ദേശവാഹകനായി. ബിരുദപഠനത്തിനു ശേഷം കുറച്ചുകാലം ഡൽഹിയിൽ “”ന്യൂഏജി”"ൽ പ്രവർത്തിച്ചു. മുണ്ടശ്ശേരി പത്രാധിപരായ “”മംഗളോദയ”"ത്തിൽ നിരവധി കഥകളും നോവലുകളും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം പത്രപ്രവർത്തനരംഗത്തു പ്രവേശിച്ചു. 1958 മുതൽ 65 വരെ നവജീവൻ ദിനപത്രത്തിന്റെ സഹപത്രാധിപരായി സേവനമനുഷ്ഠിച്ചു. തുടർന്ന് തൃശൂർ സെന്റ് തോമസ് കോളജിലും കേരളവർമ കോളജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സ്വകാര്യ കോളേജ് അധ്യാപകരുടെ സംഘടനാ നേതാവായിരുന്നു. തായാട്ടു ശങ്കരൻ, പി.ഗോവിന്ദപ്പിള്ള, ചെറുകാട്, എസ്.കെ.വസന്തൻ മുതലായവരോടൊപ്പം ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ മുൻനിര പ്രവർത്തകരിലൊരാളായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതപ്രതിഭയ്ക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ സ്വാതി പുരസ്കാരത്തിന്റെ ജൂറി ചെയർമാനായി നാലുവർഷം പ്രവർത്തിച്ചു. ബി.ടി.രണദിവെ, ജ്യോതിബസു മുതലായ ദേശീയ നേതാക്കളുടെ പ്രസംഗങ്ങ വേദികളിൽ വിവർത്തകനായി കേരളമെങ്ങും സഞ്ചരിച്ചിട്ടുണ്ട്.
1979 മുതൽ 1984 വരെ ദൃശ്യകല എന്ന മാസിക പ്രസിദ്ധീകരിച്ചു. 1990-ൽ സർവവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് എഡിറ്ററായും 1991-ൽ എക്സിക്യൂട്ടീവ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1997-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായി. 2001-ൽ ഡയറക്ടർ പദവിയിൽനിന്നു വിരമിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അക്ഷരാർഥത്തിൽ എന്ന പേരിൽ അരവിന്ദൻ മാഷെക്കുറിച്ചുള്ള 90 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ചാക്കോ ഡി അന്തിക്കാട് നിർമ്മിച്ചിട്ടുണ്ട്[2]. 2015 ഡിസംബർ 26-ന് വാർദ്ധക്യസഹജമായ അസുഖങ്ങളാൽ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. [3]
സാഹിത്യം, സംസ്കാരം, സമൂഹം എന്ന കൃതിക്ക് 1997-ലെ സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു[4]. തിരഞ്ഞെടുത്ത മുപ്പതു പ്രബന്ധങ്ങൾ ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വതന്ത്ര കൃതികൾക്കു പുറമേ ഇരുപതോളം പരിഭാഷാകൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്.
- സാഹിത്യം, സംസ്കാരം, സമൂഹം
- മാർക്സിസവും സൗന്ദര്യശാസ്ത്രവും
- സമന്വയവും സംഘർഷവും
- പഴമയും പുതുമയും
- മൂന്നു മുഖം
- മൂലധനത്തിനൊരു മുഖവുര
- തൊഴിലാളിവർഗസംസ്കാരവും സാഹിത്യവും
- മാർക്സും മൂലധനവും
- നമുക്കൊരു പാട്ടുപാടാം
- ആചാരങ്ങൾ ആഘോഷങ്ങൾ
- കുഞ്ഞുകണങ്ങൾക്ക് വസന്തം-നാനോടെക്‌നോളജിക്ക് ഒരാമുഖം
- കേരളത്തിന്റെ താളമേളങ്ങൾ
- ഒരു ദിവസം (സോൾഷെനിത്സിൻ)
- കുടുംബം സ്വകാര്യസ്വത്ത്, ഭരണകൂടം (ഏംഗൽസ്)
- മൂലധനം (ആറ് അധ്യായങ്ങൾ)
- റഷ്യയിൽ മുതലാളിത്തത്തിന്റെ വളർച്ച (ലെനിൻ)
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (1997)
- ↑ ഡോ.കാവുമ്പായി ബാലകൃഷ്ണൻ. ചിന്ത വാരിക. ; ;
- ↑ "അക്ഷരാർഥത്തിൽ ചിന്തയുടെ കൊടുങ്കാറ്റിനെക്കുറിച്ചുതന്നെ". ദേശാഭിമാനി. Retrieved 2013 ഒക്ടോബർ 13. ;
- ↑ "ദേശാഭിമാനി". Archived from the original on 2015-12-27. Retrieved 2015-12-27.
- ↑ "അരവിന്ദാക്ഷൻ, വി. (1930 - )". സർവവിജ്ഞാനകോശം. Retrieved 2013 നവംബർ 13. [പ്രവർത്തിക്കാത്ത കണ്ണി]
- അക്ഷരാർഥത്തിൽ ചിന്തയുടെ കൊടുങ്കാറ്റിനെക്കുറിച്ചുതന്നെ[1] Archived 2016-03-09 at the Wayback Machine