യഥാര്‍ഥ ചിത്രങ്ങള്‍ , Interview - Mathrubhumi Movies
പുതുമകള്‍ തേടിയുള്ള ഈ യാത്രയില്‍ യുവസംവിധായകര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്...അമല്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സംസാരിക്കുന്നു...
എന്റെ കഴിഞ്ഞ ചിത്രങ്ങളായ ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ നായകന്മാര്‍ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രങ്ങളായിരുന്നു. എന്നാല്‍ ബാച്ചിലര്‍ പാര്‍ട്ടി മള്‍ട്ടിപ്പിള്‍ ഹീറോസിന്റെ ജീവിതയാത്രയുടെ കഥയാണ്. ഇവിടെ ഓരോ കഥാപാത്രങ്ങള്‍ക്കും മള്‍ട്ടിപ്പിള്‍ ലയര്‍ ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ സ്ഥിരം ചിത്രങ്ങളിലെ നായക കെട്ടുകാഴ്ചകളില്‍നിന്ന് ഈ ചിത്രം വ്യത്യസ്തമായേക്കാം. മൂന്നു ദിവസത്തിന്റെ കാലയളവില്‍ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അതിനിടയില്‍ ചില ഫ്ലാഷ് ബാക്കുകളും കഥ പറയലും കാണാം.
ബോളിവുഡ് മാസ്മരികപ്രപഞ്ചത്തില്‍ നിന്നാണ് അമല്‍ നീരദ് മലയാള സിനിമയില്‍ എത്തിയത്. വെള്ളിത്തിരയില്‍ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയ ഈ ചെറുപ്പക്കാരന്‍ മലയാള സിനിമയെ മേക്കിങ്ങില്‍ ബോളിവുഡിനോട് അടുപ്പിച്ചു. ബിഗ് ബി, സാഗര്‍ എലിയാസ് ജാക്കി, അന്‍വര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അമല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ബാച്ചിലര്‍ പാര്‍ട്ടി. ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നീ മേഖലകള്‍ കടന്ന് അമല്‍ പുതിയ ചിത്രത്തിന്റെ നിര്‍മാതാവാകാന്‍ പോകുന്നു. എന്താണ് ഈ മാറ്റത്തിലേക്ക് അമലിനെ പ്രേരിപ്പിച്ചത്...
സിനിമയുടെ മേക്കിങ്ങിന്റെ കാര്യത്തില്‍ ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായ ന്യൂ ജനറേഷന്‍ സംവിധായകനാണ് അമല്‍ നീരദ്. അത്തരം ആരോപണങ്ങളില്‍ നിന്നുള്ള മുക്തിയാണോ പുതിയ ബാച്ചിലര്‍ പാര്‍ട്ടി?
എന്റെ സിനിമ എന്റെ അഭിരുചികളുടെ സമാഹാരമാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഫ്രഞ്ച് സംവിധായകനാണ് ക്ലോഡ് ഷാ ബ്രോണ്‍. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലും നൂറാമത്തെ ചിത്രത്തിലും ഒരേ ഐറ്റം തന്നെയാണ് വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. സംവിധായകന്റെ ചില ഇഷ്ടാനിഷ്ടങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ വെറും അമേച്വറായ സംവിധായകനാണ്. മലയാളത്തില്‍ത്തന്നെ 50 ചിത്രം സംവിധാനം ചെയ്ത സംവിധായകന്‍ 51- ാമത്തെ ചിത്രം എടുക്കുമ്പോള്‍ വലിയ വ്യത്യാസമൊന്നും കാണിക്കാറില്ല. ആ സാഹചര്യത്തില്‍ 4-ാമത്തെ പടത്തിലേക്ക് കടന്ന എന്നെ കല്ലെറിയരുതേ എന്ന അപേക്ഷയുണ്ട്.
കൊച്ചിയുടെ അധോമണ്ഡലത്തിലൂടെയാണോ ഈ ചിത്രവും കടന്നുപോകുന്നത്.
അല്ല. അതില്‍നിന്നുള്ള മോചനമുണ്ട്. കുട്ടിക്കാലത്ത് നാം കണ്ടതും കേട്ടതും വിസ്മയംകൊണ്ടതുമായ ചില കാഴ്ചകള്‍ എന്റെ ചിത്രങ്ങളില്‍ കടന്നുവരാറുണ്ട്. പ്രേക്ഷകരെ പേടിപ്പിക്കുന്നതും അറപ്പിക്കുന്നതുമായ ആക്ഷന്‍ സീനുകള്‍ ഞാന്‍ ഒരുക്കാറില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന വീഡിയോ ഗെയിംപോലെ ഒരു 'കോറിയോഗ്രാഫി' എന്റെ ആക്ഷന്‍ സ്വീക്കന്‍സുകളില്‍ ഞാന്‍ തീര്‍ക്കാറുണ്ട്. എന്റെ സഹോദരിയുടെ മകന്‍ കളിക്കുന്ന വീഡിയോ ഗെയിംസിലെ വയലന്റ്‌സുപോലും ഞാന്‍ ഒരുക്കുന്ന സിനിമകളില്‍ ഇല്ല.
പൊതുവെ പറയാറുണ്ട്, ഇന്നത്തെ കൊച്ചിക്ക് ഭീകരതയുടെയും അധോലോകത്തിന്റെയും പരിവേഷം ചാര്‍ത്തുന്നത് അമലിനെപ്പോലുള്ളവരുടെ സിനിമകളാണെന്ന്. സത്യത്തില്‍ കൊച്ചിക്ക് അത്രയും ഭീകരമായ മുഖമുണ്ടോ?
ചോദ്യം ശരിയായിരിക്കാം. അതൊക്കെ ചില സങ്കല്പങ്ങളാണ്. ഞാന്‍ തിരിച്ച് ചോദിക്കട്ടെ. രാവിലെ പശുവിനൊപ്പം വയല്‍വരമ്പിലൂടെ നടക്കുന്നവരുടെ ഗ്രാമം ഇന്ന് കേരളത്തില്‍ ഉണ്ടോ. നന്മയുടെയും ശാന്തിയുടെയും ഗ്രാമം ഇന്ന് എവിടെയുണ്ട്. മിക്ക സ്ഥലങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകളും മള്‍ട്ടിപ്ലെക്‌സുകളും ഉണ്ട്. തികഞ്ഞ ഫിക്ഷനായാണ് ഞാന്‍ ചിത്രം ഒരുക്കാറുള്ളത്.
അത് മറ്റു ചിത്രങ്ങളെപ്പോലെ നന്മയുടെയും തിന്മയുടെയും കഥ പറയുന്നവയാണ്. പ്രേക്ഷകര്‍ ആ കഥയില്‍ നിന്ന് തിന്മ തള്ളിക്കളഞ്ഞ് നന്മ മാത്രം ഏറ്റെടുത്താല്‍ മതി. കൊച്ചി വിടാം. ഒരേസമയം രണ്ട് സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടന്നത് കോഴിക്കോട്ടാണ്. കൊച്ചിയായാലും കോഴിക്കോടായാലും മുംബൈയായാലും നമ്മുടെ പശ്ചാത്തലത്തില്‍ എല്ലാം ഉണ്ട്. അത് പലരും കാണുന്നില്ല എന്നതാണ് സത്യം. ഗ്രാമം നന്മകളാല്‍ സമൃദ്ധമാണെന്നും നഗരം തിന്മകള്‍ നിറഞ്ഞ സ്ഥലമാണെന്നും ഒരിക്കലും ഞാന്‍ വിചാരിക്കുന്നില്ല.
ക്യാമറാമാന്‍, സംവിധായകന്‍ എന്നീ റോളുകള്‍ക്കു പുറമെ 'ബാച്ചിലര്‍ പാര്‍ട്ടി'യില്‍ എത്തുമ്പോള്‍ നിര്‍മാതാവിന്റെ റോള്‍കൂടി അമല്‍ അണിയുകയാണ്. ഈ മാറ്റത്തിലേക്ക് സത്യത്തില്‍ പ്രേരിപ്പിച്ച ഘടകം എന്തൊക്കെയാണ്?
സിനിമയില്‍ നല്ല നിര്‍മാതാക്കള്‍ക്കൊപ്പവും ചീത്ത പ്രൊഡ്യൂസര്‍മാര്‍ക്കൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ പരമപ്രധാനമായ സ്ഥാനം നിര്‍മാതാവിനാണ് ഉള്ളത്. സിനിമ, ഷോ ബിസിനസ് എന്ന നിലയില്‍ എല്ലാ സ്ഥലങ്ങളിലും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.