കഥ കടന്ന് തിരക്കഥയിലേക്ക് , സുഭാഷ് ചന്ദ്രന്‍ പറയുന്നു | DoolNews
- ️Dool News
- ️Sun Feb 19 2012
കഥ കടന്ന് തിരക്കഥയിലേക്ക് , സുഭാഷ് ചന്ദ്രന്‍ പറയുന്നു
സുഭാഷ് ചന്ദ്രന്‍ / ജിന്‍സി ബാലകൃഷ്ണന്‍
കഥാദാരിദ്ര്യംകൊണ്ട് റീമേക്കുകള്‍ക്കും അന്യഭാഷാ ചിത്രങ്ങള്‍ക്കും പിന്നാലെ പോകുകയാണ് മലയാള സിനിമ. നല്ല തിരക്കഥകളില്ലെന്ന് പരാതിപ്പെടുന്നവര്‍ പുതിയ കാലത്തെ എഴുത്തുകാരെ കാണാതെ പോകുന്നു. അല്ലെങ്കില്‍ അവരെ മുന്നോട്ടുവരാന്‍ അനുവദിക്കുന്നില്ല. സുഭാഷ് ചന്ദ്രനെ മലയാളികള്‍ അറിയുന്നത് ചെറുകഥാകൃത്ത് നോവലിസ്റ്റ് എന്നീ നിലകളിലാണ്. 2006ല്‍ താന്‍ നല്ലൊരു തിരക്കഥാകൃത്ത് കൂടിയാണെന്ന് അദ്ദേഹം തെളിയിച്ചെങ്കില്‍ മലയാള സിനിമാലോകും അതംഗീകരിക്കാന്‍ തയ്യാറായത് 2012ലാണ്. അദ്ദേഹത്തിന്റെ ആദ്യ തിരക്കഥ ഗുപ്തം അഭ്രപാളിയിലെത്തുകയാണ്.
ദൃശ്യബിംബങ്ങള്‍കൊണ്ട് സമൃദ്ധമായ സുഭാഷ് ചന്ദ്രന്റെ കഥ ദൃശ്യഭംഗിയോടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ജിന്‍സി ബാലകൃഷ്ണന്‍: “ഗുപ്തം ഒരു തിരക്കഥ” എന്ന പേരിലെഴുതിയ തിരക്കഥ സിനിമയാക്കുമ്പോള്‍ എന്തുകൊണ്ടാണ് ആകസ്മികം എന്ന പേരിട്ടത്?
സുഭാഷ് ചന്ദ്രന്‍: ഗുപ്തം എന്നത് ഒരു ബുദ്ധിജീവി പേരല്ലേ. സിനിമയാകുമ്പോള്‍ സാധാരണക്കാരന് മനസിലാവുന്ന പേരിടണം എന്ന് നിര്‍ദേശം വച്ചത് ഞാനാണ്. കൊമേഴ്‌സ്യല്‍ സെറ്റപ്പില്‍ കലാമൂല്യം ഒട്ടുംതന്നെ നഷ്ടമാകാതെ ഗുപ്തം സിനിമയാക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോള്‍ സാധാരണക്കാരന്‍ തിയ്യേറ്ററുകളിലെത്തണമെങ്കില്‍ അവര്‍ക്ക് മനസിലാവുന്ന പേരിടണം.
വധക്രമം എന്ന ചെറുകഥ കെ.എം കമാല്‍ സിനിമയാക്കി. പറുദീസാനഷ്ടം രൂപേഷ് പോള്‍ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന പേരില്‍ സിനിമയാക്കി
ഗുപ്തത്തിന് ഇണങ്ങുന്ന പേരാണ് ആകസ്മികം. ഞങ്ങളെല്ലാവരും കൂടി ആലോചിച്ചാണ് ആ പേരിടാന്‍ തീരുമാനിച്ചത്.
ചെറുകഥാ രൂപത്തിലെഴുതിയ വധക്രമം, പറദീസാനഷ്ടം എന്നീ കഥകള്‍ നേരത്തെ സിനിമയായിട്ടുണ്ട്. ഗുപ്തം തിരക്കഥയായാണ് എഴുതിയിരിക്കുന്നത്. സിനിമയാക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണോ ഗുപ്തം തിരക്കഥയായി എഴുതിയത്?
വധക്രമം എന്ന ചെറുകഥ കെ.എം കമാല്‍ സിനിമയാക്കി. പറുദീസാനഷ്ടം രൂപേഷ് പോള്‍ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന പേരില്‍ സിനിമയാക്കി. ഗുപ്തം ഒരു തിരക്കഥയെന്നത് തിരക്കഥാ രൂപത്തിലെഴുതിയ ചെറുകഥയാണ്. സിനിമായാക്കണമെന്ന ഉദ്ദേശം മനസില്‍വച്ച് ചെയ്തതല്ല.
ഗുപ്തം ചലച്ചിത്രമാക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ചപ്പോള്‍ അതിന് അനുമതി നല്‍കി. പ്രസിദ്ധീകരിച്ച കഥയില്‍ കുറച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. സിനിമയാകുമ്പോള്‍ 45 മിനിറ്റെങ്കിലും വേണ്ടേ. എന്നാല്‍ അതിനുവേണ്ടി അനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടില്ല.
2006ലാണ് ഗുപ്തം പ്രസിദ്ധീകരിച്ചത്. 2012ലാണ് അത് സിനിമയാക്കുന്നത്. ഇത്രയും വലിയ ഇടവേളയ്ക്ക് കാരണം?
ഗുപ്തം സിനിമയാക്കണമെന്നാവശ്യപ്പെട്ട് ആദ്യം എന്നെ സമീപിച്ചത് ശോഭനാ പരമേശ്വരന്‍ നായരാണ്. എന്നാല്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേക്ക് നീങ്ങുന്നതിന് മുമ്പ് അദ്ദേഹം മരിച്ചുപോയി. പിന്നീട് ചില സംവിധായകര്‍ എന്നെ സമീപിച്ചിരുന്നു. നിര്‍മാതാക്കളെ കിട്ടാത്തതായിരുന്നു അവരുടെ പ്രശ്‌നം. സംവിധായകന്‍ ജോര്‍ജ്ജ് കിത്തു എന്നെ സമീപിക്കുന്ന സമയത്ത് മറ്റ് മൂന്ന് പേര്‍ കൂടി ഈ ആവശ്യവുമായി വന്നിരുന്നു. എന്നാല്‍ ആദ്യം നിര്‍മാതാവിനെ കിട്ടിയത് ജോര്‍ജ്ജ് കിത്തുവിനാണ്.
ആകസ്മികത്തിനുവേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തതില്‍ തിരക്കഥാകൃത്തിന് പങ്കുണ്ടോ?
എല്ലാവരും കൂടിയാലോചിച്ചശേഷമാണ് താരങ്ങളെ തീരുമാനിച്ചത്. ഷബാന അസ്മിയെ നായികയാക്കാനായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അത് അത്രപെട്ടെന്ന് നടക്കില്ലല്ലോ. പിന്നീട് ശ്വേതാമേനോനെ നായികയായി നിശ്ചയിക്കുകയായിരുന്നു. ശ്വേത നല്ല നടിയാണ്. ഇപ്പോള്‍ മാര്‍ക്കറ്റുമുണ്ട്.
ജഗതിശ്രീകുമാറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സകൂള്‍ പ്രിന്‍സിപ്പലിന്റെ റോളിനാണ് അദ്ദേഹം. മാസ്റ്റര്‍ അശ്വിനാണ് പ്രണവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജമാണിക്യം, മാടമ്പി തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചില പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതുമുഖങ്ങളെ മാത്രം ഉപയോഗിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ നിര്‍മാതാവ് പറഞ്ഞു കുറേക്കൂടി പണം ചിലവാക്കി ചെയ്യാമെന്ന്.
താങ്കള്‍ ചില ഗസലുകള്‍ രചിച്ചിട്ടുണ്ടല്ലോ, പുതിയ ചിത്രത്തിനുവേണ്ടി ഗാനരചന നിര്‍വഹിക്കാന്‍ പദ്ധതിയുണ്ടോ?
ഇല്ല. അനില്‍കുമാര്‍ എന്ന നവാഗത ഗാനരചയിതാവാണ് ഗാനരചന നിര്‍വഹിച്ചത്. യുവജനോത്സവങ്ങളിലൊക്കെ സജീവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് സിനിമയില്‍ ഒരു എന്‍ട്രി ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയതാണ്.
ഷബാന അസ്മിയെ നായിക ആക്കാനായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അത് അത്രപെട്ടെന്ന് നടക്കില്ലല്ലോ
ഗുപ്തം എന്ന ചിത്രത്തിലൂടെ നല്‍കാനുദ്ദേശിക്കുന്ന സന്ദേശമെന്താണ്?
സുഭാഷ് ചന്ദ്രന്‍ എന്ന തിരക്കഥാകൃത്ത് മലയാള സിനിമയിലുണ്ടെന്ന സന്ദേശം.
ചെറുകഥാകൃത്ത് നോവലിസ്റ്റ് എന്നീ നിലകളിലാണ് ഏറെ പ്രശസ്തനായത്. എന്നാല്‍ നല്ല തിരക്കഥാകൃത്ത് കൂടിയാണെന്ന് ഗുപ്തത്തിലൂടെ തെളിയിച്ചു. ഇതില്‍ ഏതാണ് സൗകര്യപ്രദം?
കഥയും നോവലും ഹൈലി ക്രിയേറ്റീവാണ്. തിരക്കഥയാകുമ്പോള്‍ പ്രേക്ഷകനെ കൂടി മുന്നില്‍ കാണേണ്ടതുണ്ട്. ലേഖകന്‍ കഥയെഴുതുമ്പോള്‍ അയാള്‍ അത് വായിക്കുന്നവരുമായി മാത്രമേ എഴുത്തുകാരന്‍ സംവദിക്കുന്നുള്ളൂ. തിരക്കഥയാകുമ്പോള്‍ അത് വലിയ ഓര്‍ഡിനന്‍സിനെ മുന്നില്‍ കണ്ടാണ് എഴുതുന്നത്. മോബ് സൈക്കോളജി വേറെ തന്നെയാണ്. സാഹിത്യമായി പ്രേക്ഷകന്‍ ആസ്വദിച്ച ഒരു രചനയ്ക്ക് സിനിമാ രൂപം നല്‍കിയാല്‍ അത് പ്രേക്ഷകന് ഇഷ്ടപ്പെടണമെന്നില്ല. രണ്ടിന്റെയും ആസ്വാദന തലങ്ങള്‍ വേറെവേറെയാണ്.
കവിതയായി ആസ്വദിച്ച ഒരു രചന സിനിമയാക്കിയാല്‍ അത് സ്വീകരിക്കണമെന്നില്ല, എല്ലാവരും ഇഷ്ടപ്പെട്ട ചെറുകഥ സിനിമയാക്കിയാല്‍ അത് പരാജയപ്പെട്ടേക്കാം.
ചെറുകഥയും നോവലും ലേഖകന്റെ സ്വന്തം സ്വന്താണ്. അയാളാണതിന്റെ ഉടമസ്ഥന്‍. സിനിമ ഒരു കൂട്ടായ്മയാണ്. ഒരു തിരക്കഥയ്ക്ക് ക്യാമറാമാന്‍ ദൃശ്യഭാഷ നല്‍കുമ്പോള്‍ അയാളുടെ കഴിവ് കൂടി അതില്‍ ഉപയോഗിക്കുന്നു. പിന്നീട് അഭിനേതാവ് വരുമ്പോള്‍ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നതില്‍ അവരുടെകഴിവിനും പ്രാധാന്യമുണ്ട്. എന്നാല്‍ എഴുത്തിന്റെ ലോകത്ത് ലേഖകനാണ് കുലപതി. സിനിമയ്ക്ക് സംഗീതത്തിന്റെ ദൃശ്യത്തിന്റെയും പിന്തുണവരും.തിരക്കഥ കുറഞ്ഞത് ഒരു പത്ത് പ്രതിഭകളെങ്കിലും മിനുക്കിയെടുക്കും.
സിനിമയ്ക്ക് നല്ല തിരക്കഥ ആദ്യമേ ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. തിരക്കഥയില്ലാതെ തന്നെ ചിത്രീകരിച്ച സിനിമകളുണ്ട്. നല്ല തിരക്കഥയുണ്ടെങ്കില്‍ സിനിമ നന്നാവണമെന്ന് നിര്‍ബന്ധമില്ല. അതുപോലെ നല്ല സിനിമയാവണമെങ്കില്‍ നല്ല തിരക്കഥവേണമെന്ന നിര്‍ബന്ധവുമില്ല.
അതുകൊണ്ട് ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ച് അദ്ദേഹത്തിന് ഏറെ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്റെ രചന പിന്നെയും കൂറേ പേരുടെ കൈകളിലൂടെ ചെന്നാണ് സിനിമായാവുന്നത്.
ശ്യാമപ്രസാദിന്റെ ഒരേകടല്‍ എന്ന ചിത്രത്തിന്റെ സ്‌ക്രിപ്ട് സുഭാഷ് ചന്ദ്രന്‍ തയ്യാറാക്കിയിരുന്നല്ലോ. എന്നാല്‍ അത് ഉപേക്ഷിച്ച് പിന്നീട് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയാണ് സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചത്. എന്തുകൊണ്ടാണത്?
ഒരേ കടലിന് സ്‌ക്രിപ്റ്റ് എഴുതാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്. ഫുള്‍ സ്‌ക്രിപ്റ്റ് ഞാന്‍ തയ്യാറാക്കി നല്‍കിയതുമാണ്. ആ തിരക്കഥവച്ച് ചിത്രത്തിന്റെ ഒരാഴ്ചത്തെ ചിത്രീകരണവും കഴിഞ്ഞു. പ്രതിഫലമൊന്നും അദ്ദേഹം തന്നില്ല. വരുന്ന ചില സിനിമകളില്‍ എന്നെ സഹകരിപ്പിക്കാമെന്ന് പറഞ്ഞ് സൂത്രത്തില്‍ പ്രതിഫലം നല്‍കാതിരുന്നു.
തിരക്കഥ എന്റെതാണെന്ന് പേര് പോലുംവെച്ചില്ല. ഇതിനെതിരെ മാതൃഭൂമിയില്‍ ഞാനെഴുതി. ഞാന്‍ കേസുകൊടുത്തേക്കുമെന്ന് ഭയന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച് കെ.ആര്‍ മീരയെ കണ്ട് പുതിയ തിരക്കഥ എഴുതിച്ചു. അവരുടെ പേരും സിനിമയില്‍ നല്‍കിയില്ല. അവര്‍ക്ക് തക്കതായ പ്രതിഫലവും നല്‍കിയില്ല. ഇതിനെതിരെ മീര കൊടുത്ത കേസ് ഇപ്പോള്‍ കോടതിയിലുണ്ട്.
തിരക്കഥാ രംഗത്ത് തുടരാനാണോ താല്‍പര്യം?
സിനിമയ്ക്കുവേണ്ടി കുറേ സമയം ചിലവാക്കണം. രണ്ട് മൂന്ന് മാസം ലീവെടുക്കണം. ജോലിയില്‍ ശ്രദ്ധിക്കാനാവില്ല. ഒരു നല്ല ക്രിയേറ്റീവ് റൈറ്റര്‍ എന്നറിയിപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയിലുള്ള പ്രശസ്തിയും അംഗീകാരവും താല്‍ക്കാലികം മാത്രമാണ്. ഒരു സിനിമ ചെയ്താല്‍ കൂടിവന്നാല്‍ നൂറ് ദിവസം ഓടുമായിരിക്കും. എന്നാല്‍ ഒരു ചെറുകഥ കാലങ്ങളോളം നിലനില്‍ക്കും. കൂടുതല്‍ ഓടുന്ന സിനിമകള്‍ ആളുകള്‍ പെട്ടെന്ന് മറക്കും.
നോവലുകളും ചെറുകഥയുമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്. പ്രേരകശക്തിയാവുന്നത്…