manoramaonline.com

ഓണാട്ടുകരക്കാരനായി ജീവിച്ചു മറഞ്ഞ എരുമേലി

പേരിനു മുന്നിൽ എരുമേലി എന്നുണ്ടായിരുന്നെങ്കിലും കർമം കൊണ്ടു തനി ഓണാട്ടുകരക്കാനായി ജീവിച്ച പ്രഫ.എരുമേലി പരമേശ്വരൻ പിള്ള എന്ന സാഹിത്യകാരൻ ജീവിച്ചിരുന്നെങ്കിൽ ഇന്ന് (2022 ഡിസംബർ 12) നവതി മധുരം നുണഞ്ഞേനെ. 'ഓർമകളിൽ വിരിയുന്ന ഇന്നലകൾ' എന്ന പേരിൽ എഴുതിത്തുടങ്ങിയ ആത്മകഥ പൂർണമാക്കാതെ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് പ്രതിഭയിൽ പ്രഫ.എരുമേലി പരമേശ്വരൻ പിള്ള 2014 ഫെബ്രുവരി 9നു കടന്നു പോയപ്പോൾ സാഹിത്യ ലോകത്തിനു നഷ്ടമായത് ഒരു പക്ഷെ ലക്ഷണയുക്തമായ ഒരു ആത്മകഥ ആയിരുന്നിരിക്കാം. 

എരുമേലി വേലമ്പറമ്പിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി അനിഴം നക്ഷത്രത്തിൽ ജനിച്ച പരമേശ്വരൻപിള്ള, ഇതുവരെ അച്ചടിമഷി പുരളാത്ത ആത്മകഥയുടെ ആദ്യ ഭാഗത്തു തന്റെ ജനന വർഷം സംബന്ധിച്ചു തർക്കം ഉണ്ടായിരുന്നെന്നും അവസാനം 1932 ഡിസംബർ 12 എന്നു തീരുമാനിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. സാഹിത്യകാരന്റെ തൊണ്ണൂറാം ജന്മവാർഷികം ഇന്നെത്തുമ്പോൾ അദ്ദേഹം എഴുതിത്തുടങ്ങി പൂർത്തിയാക്കാതെ കടന്നു പോയ ആത്മകഥ ഒരു ജീവചരിത്രമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണു കുടുംബാംഗങ്ങൾ. ഇതിനായി സാഹിത്യപ്രതിഭകളുടെ അഭിമുഖവും എരുമേലിയുടെ ഡയറിക്കുറിപ്പുകളും മക്കളായ പി.കൃഷ്ണകുമാർ, പി.ജയചന്ദ്രൻ, പി.പ്രീത, പി.പ്രതിഭ, മരുമക്കളായ എസ്.ശ്രീലത, എസ്.ശ്രീലേഖ, കെ.പത്മകുമാർ, കെ.പി.വിനു എന്നിവരുടെ നേതൃത്വത്തിൽ ശേഖരിച്ചു ക്രോഡീകരണ ജോലികൾ പുരോഗമിക്കുകയാണ്.

1957ൽ എസ്.ശാരദാമ്മയെ (റിട്ട.പ്രഥമാധ്യാപിക, തിരുവല്ല കാവുംഭാഗം ഡിബിഎച്ച്എസ്) വിവാഹം കഴിച്ചതോടെ ആണു പരമേശ്വരൻപിള്ള ഓണാട്ടുകരയുടെ മരുമകനായത്. യൗവനകാലത്തു എരുമേലിയിൽ എൻഎസ്എസ് കരയോഗം സെക്രട്ടറിയായിരുന്നു. ഡോ.കൃഷ്ണവാരിയർ വാങ്ങി നൽകിയ അപേക്ഷ പൂരിപ്പിച്ചു കെ.പി.കേശവമേനോന്റെ ശുപാർശയോടെ കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിൽ 1964ൽ അധ്യാപകനായതോടെ തട്ടകം അവിടെയായി. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ സുഹൃത്സംഘത്തിന്റെ ഭാഗമായതോടെ സാഹിത്യാഭിരുചി വളർന്നു. എരുമേലി എന്നായിരുന്നു സുഹൃത്തുക്കൾ വിളിച്ചിരുന്നത്. അങ്ങനെ പരമേശ്വരൻ പിള്ളയുടെ പേരിനു മുന്നിൽ എരുമേലി എന്ന സ്ഥലനാമവും കൂട്ടിച്ചേർക്കപ്പെട്ടു. 

1956 മാർച്ച് 18നു ദേശബന്ധു വാരാന്ത്യപതിപ്പിലാണ് എരുമേലിയുടെ ആദ്യ കഥ അച്ചടിച്ചു വന്നത്. ഒരു നല്ല മനുഷ്യൻ എന്നായിരുന്നു കഥയുടെ പേര്. എഴുതുന്നതൊക്കെ അച്ചടിച്ചു ലഭിക്കുന്നതിനുള്ള കാലതാമസവും ഉയർന്ന ചെലവും മനസ്സിലാക്കി 1974ൽ കോഴിക്കോട്ട് യുവകല എന്ന അച്ചടിശാല ആരംഭിച്ചു. 1980ൽ പ്രതിഭ പ്രസ് എന്ന പേരിൽ ചെട്ടികുളങ്ങരയിലേക്കു അച്ചടിശാല മാറ്റി സ്ഥാപിച്ചു. പുസ്തക പ്രസിദ്ധീകരണത്തിനായി ചെട്ടികുളങ്ങരയിൽ പ്രതിഭ ബുക്സ് സ്ഥാപിച്ചപ്പോൾ തകഴി ശിവശങ്കരപ്പിള്ളയായിരുന്നു ഉദ്ഘാടകൻ. എഴുതുന്നതെല്ലാം ഭാര്യ ശാരദാമ്മയ്ക്കു വായിക്കാൻ നൽകിയതിനു ശേഷമാണു പ്രസിദ്ധീകരണത്തിനു നൽകിയിരുന്നത്.

1988-91 കാലത്തു കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന എരുമേലിക്കു 2009ൽ സമഗ്ര സംഭാവനകൾക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 5 നോവലുകൾ, 4 കഥാസമാഹാരങ്ങൾ, 11 വിദ്യാഭ്യാസ വൈജ്ഞാനിക ഗ്രന്ഥങ്ങൾ, ഏകാങ്കനാടകം, തൂലികാചിത്രം, ബാലസാഹിത്യം ഉൾപ്പെടെ നാൽപതോളം ഗ്രന്ഥങ്ങൾ രചിച്ച എരുമേലിക്കു വേണ്ടത്ര അംഗീകാരം കിട്ടിയിരുന്നോ എന്ന കാര്യത്തിൽ സന്ദേഹമുണ്ട്. ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നപ്പോഴും സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ തന്റേടം കാട്ടിയ എരുമേലിയുടെ വിദ്യാഭ്യാസവും ദേശീയ വികസനവും എന്ന ഗ്രന്ഥം ഏറെ ചർച്ച ചെയ്യപ്പെട്ടു. 1996ൽ ഡിപിഇപി സമ്പ്രദായം സർക്കാർ ആവിഷ്കരിച്ചപ്പോൾ സ്വന്തം വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തി ബദൽ നിർദേശവുമായി രചിച്ച പുസ്തകം ആയിരുന്നു അത്.

പി.എൻ.പണിക്കർക്കൊപ്പം ഗ്രന്ഥശാല പ്രസ്ഥാനവുമായി ബന്ധപ്പെട്ടു ഏറെ പ്രവർത്തിച്ച എരുമേലി സ്വന്തം വീട്ടിൽ തന്നെ പുസ്തകങ്ങളുടെ വൻ ശേഖരം ഒരുക്കി. കാൽ ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. ലഭിച്ചിരുന്ന ശമ്പളത്തിൽ മുക്കാൽ പങ്കും പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു പതിവ്. അറിവു തേടി എത്തുന്ന സാഹിത്യ പ്രേമികൾക്കു തന്റെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാൻ നൽകുമായിരുന്ന സാഹിത്യകാരൻ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകാൻ അനുവദിക്കില്ലായിരുന്നു. പുസ്തകമെടുത്തു കൊണ്ടു പോയ പലരും മടക്കി നൽകാതിരുന്നതോടെ വരുന്നുവർക്കു വീട്ടിൽ തന്നെയിരുന്നു വായിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തി.